ക്രിമിനല്‍ പൊലീസുകാരുടെ രണ്ടാംഘട്ട പട്ടികയില്‍ നാല് പേര്‍; ഉടന്‍ തൊപ്പി തെറിക്കും

പി.ആര്‍ സുനുവിന് പിന്നാലെ പിരിച്ചുവിടാനുള്ള ക്രിമിനല്‍ പൊലീസുകാരുടെ രണ്ടാംഘട്ട പട്ടികയില്‍ നാല് പേര്‍. പീഡനക്കേസുകളില്‍ പ്രതികളായ സിഐമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയാറാക്കിയത്. ഇവര്‍ക്ക് ഉടനെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

അതിനിടെ, ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. പൊലീസുകാരുടെയും എസ്‌ഐമാരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം.

ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാശം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. ജില്ലാ സെപ്ഷ്ല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.

അതിനിടെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലില്‍ പങ്കെടുത്തുവെന്ന ആരോപണവും അന്വേഷിക്കും. തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം.

 ജില്ലകളില്‍ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുകാരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനാല്‍ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെയും യോഗം വൈകാതെ വിളിക്കും.