കൊന്ന് കടലില്‍ താഴ്ത്തിയില്ല, മനുവിന്റെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി; പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികള്‍

Advertisement

ആലപ്പുഴ പുന്നപ്ര ബാറിലെ സംഘര്‍ഷത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ മനു(28)വിന്റെ മൃതദേഹം കടല്‍തീരത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 19 മുതല്‍ ആലപ്പുഴയിലെ പറവൂരില്‍ നിന്നുമാണ് മനുവിനെ കാണാതായത്. മനുവിന്റെ അച്ഛന്‍ മനോഹരന്‍ പുന്നപ്ര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

മനുവിനെ കൊന്ന് കടലില്‍ താഴ്ത്തിയെന്നാണ് പ്രതികള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു മൊഴി. പ്രതികളില്‍ ചിലര്‍ പിന്നീട് മൊഴി മാറ്റി. കടല്‍ തീരത്ത് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കടലിലും കരയിലും തെരച്ചില്‍ നടത്തി. ഒടുവിലാണ് മനുവിന്റെ മൃതദേഹം കടല്‍തീര്‍ത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പില്‍ അപ്പാപ്പന്‍ പത്രോസ് (28), വടക്കേ തൈയ്യില്‍ സനീഷ് (സൈമണ്‍ 29) എന്നിവരെ പൊലീസ് പിന്നീട് പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനകുട്ടന്‍(ജോസഫ് 19), പനഞ്ചിക്കല്‍ വിപിന്‍ (ആന്റണി സേവ്യര്‍ 28) എന്നിവരുടെ കൂടി സഹായത്തോടെയാണ് മനുവിനെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ മൊഴി നല്‍കി.