നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ശിപാർശ

ഐ.എസ്.ആർ.ഒ  ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകാൻ  ശിപാർശ. നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മദ്ധ്യസ്ഥനായി  ചുമതലപ്പെടുത്തിയ കെ ജയകുമാറാണ് ശിപാർശ ചെയ്തത്.

കേസിൽ തെറ്റായി പ്രതി ചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതു സർക്കാർ നേരത്തേ നൽകിയിരുന്നു. ഇതിനു പുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശിപാർശ.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിനെതിരെ 20 വർഷം മുമ്പ് നമ്പി നാരായണൻ നൽകിയ കേസ് ഇപ്പോൾ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പാകാൻ ഇനിയും കാലതാമസമുണ്ടാവും. അതിനുമുമ്പ് നമ്പി നാരായണനുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്ടർകൂടിയായ കെ. ജയകുമാറിനെ സർക്കാർ നിയോഗിച്ചത്.

വിഷയത്തിൽ ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതു കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് നിയമോപദേശത്തിന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനു കൈമാറി.

കേസിൽക്കുടുങ്ങി പുറത്തായതു കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

അതേസമയം നഷ്ടപരിഹാരം സംബന്ധിച്ച സർക്കാരിന്റെ ഏതു തീരുമാനവും സ്വാഗതംചെയ്യുമെന്ന് നമ്പി നാരായണൻ വ്യക്തമാക്കി.തനിക്ക് ആരോടും വിരോധമില്ലെന്നും  കേസ് യുക്തിപരമായി പര്യവസാനിക്കണം, അതാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്ത്തു.