സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ ആര്‍.എസ്.എസ് മുഖപത്രമായ കേസരി, പിണറായിയെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെന്ന് മുന്‍ ബി.ജെ.പി വക്താവിന്റെ ലേഖനം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രമായ കേസരി. ബി ജെ പി വക്താവായിരുന്ന പി ആര്‍ ശിവശങ്കരന്‍ എഴുതിയ മാരീചന്‍ വെറുമൊരു മാനല്ല എന്ന മുഖലേഖനത്തിലാണ് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം അട്ടിമറിച്ചു എന്നാരോപിച്ചിരിക്കുന്നത്.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ തെളിഞ്ഞ ബിരിയാണിച്ചെമ്പും, ഡോളറും സംബന്ധിച്ച വിവരങ്ങള്‍ സ്വപ്‌ന നേരത്തെ തന്നെ മൊഴിയായി കസ്റ്റംസിന് നല്‍കിയിരുന്നെങ്കിലും കസ്റ്റംസിലെ ഇടതു സഹയാത്രികര്‍ അതെല്ലാം മുക്കുകയായിരുന്നുവെന്നാണ് ബി ജെ പി മുന്‍ വക്താവ് തന്റെ ലേഖനത്തില്‍ പറയുന്നത്്.
ഈ ആരോപണങ്ങളെ സാധൂകരിക്കുവാന്‍ പോകുന്ന സംഭവമാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടും കസ്റ്റംസ് അവരുടെ കയ്യില്‍ ഇരുന്ന ആദ്യത്തെ ഈ 164 പ്രസ്താവന നല്‍കിയില്ല എന്നത് എന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ തന്‍െ പുസ്തകത്തില്‍ കസ്റ്റംസിനെയും ഇ ഡിയെയും കടന്നാക്രമിക്കാത്തതും ഇതിന്റെ നന്ദികൊണ്ടാണെന്നും ശിവശങ്കരന്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്്.

ആഭ്യന്തര വകുപ്പില്‍ നിന്ന് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാം എന്ന സൂചനയുണ്ടെങ്കിലും എന്‍ഐഎ ക്കെതിരെ പുസ്തകമെഴുതിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മിണ്ടുന്നില്ല. കേന്ദ്ര നകാര്യവകുപ്പിന്റെ കീഴിലാണെങ്കിലും കസ്റ്റംസിനെതിരെയും ഇയാളോ പിണറായിയോ മിണ്ടിയിട്ടില്ലന്ന് മാത്രമല്ല ചില കസ്റ്റംസ്് ദ്യാഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല എന്നുവരെ മാധ്യമങ്ങളോട് പറഞ്ഞതും, എന്‍ഫോഴ്സ്മെന്റിനെതിരെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടികളെടുത്തതെന്നതും കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബി ജെ പി മുന്‍ വക്താവ് തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ബിരിയാണി നയതന്ത്രത്തിനെതിരായ തെളിവുകള്‍ ചില ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥന്മാര്‍ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തു എന്നുവേണം അനുമാനിക്കാനെന്നും ആര്‍ എസ് എസ് മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ആര്‍ എര്‍ എസ് മുഖ വാരികയില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെതിരായ അന്വേഷണം അട്ടിമറിച്ചു എന്ന് തുറന്നെഴുതുന്നത് സംസ്ഥാനത്തെ ആര്‍ എസ് എസ് നേതൃത്വവും ബി ജെ പി നേതൃത്വവും തമ്മിലുള്ള ശക്തമായ ഭിന്നതകളെ തുറന്ന് കാട്ടുന്നതാണ്. കേരളത്തിലെ ബി ജെ പി നേതൃത്വത്തിനതിരെ കടുത്ത അസംതൃപ്തിയാണ് സംസ്ഥാനത്തെ ആര്‍ എസ് എസ് നേതൃത്വത്തിനുള്ളത്. അത് കൊണ്ട് തന്നെയാണ് കേന്ദ്ര ഏജന്‍സികള്‍ പിണറായിക്കെതിരെയുള്ള അന്വേഷണം അട്ടിമറിച്ചുവെന്ന് ആര്‍ എസ് എസ് മുഖപത്രത്തില്‍ തന്നെ ലേഖനം പ്രസീദ്ധീകരിക്കാന്‍ ബി ജെ പി മുന്‍ വക്താവിനെ അനുവദിച്ചതുമെന്നാണ് അറിയുന്നത്‌