റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം കൈവശമുണ്ടെന്ന് വ്യാജരേഖ; മോൻസനെതിരെ പുതിയ കേസ്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയതിനാണ് കേസ്. ഡിആര്‍ഡിഒയുടെ പേരിലാണ് വ്യാജരേഖ ചമച്ചത്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോൻസൻ വ്യാജമായി ചമച്ചത്.

ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സൺ നിർമ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആർഡിഒയ്ക്ക് കത്ത് നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോൻസണെതിരെ കേസ് രജിസ്റ്റർ ചെയ്തതും. ഇതോടെ ഏഴ് കേസുകളാണ് മോൻസൺ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

.മോൻസൺ അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്. ഒന്നരലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോൻസനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

Read more

2017 ഡിസംബര്‍ 29 ന് ഒന്നരലക്ഷം രൂപ മോൻസൺ ആവശ്യപ്പെട്ടു എന്നാണ് തുറവൂര്‍ സ്വദേശിയുടെ പരാതി. തന്റെ സഹോദരന്‍ വഴിയാണ് മോൻസൺ ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമില്ല എന്ന് മോൻസൺ വിശ്വസിപ്പിച്ചു. 20 ദിവസത്തിനകം പണം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടിട്ത്തി നൽകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. തുടർന്ന് മോൻസൺ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.