വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയിൽ

സംസ്ഥാനത്ത് തുടര്‍ച്ചയായി വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 വിനോദസഞ്ചാരികളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പളക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരത്ത് നിന്നെത്തിയവരാണിവര്‍. 23 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി വയനാട്ടില്‍ എത്തിയത്. ഇവരില്‍ കിളിമാനൂര്‍ സ്വദേശികളായ 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് എണ്ണപ്പലഹാരങ്ങളാണ് സഞ്ചാരികള്‍ കഴിച്ചത്. പിന്നീട് മേപ്പാടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണിയും കഴിച്ചിരുന്നു. ഭക്ഷണത്തിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും ഭക്ഷ്യവിഷബാധയുണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.