മുന്‍ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫിലെ അഞ്ചുപേര്‍ റിയാസിന്റെ സ്റ്റാഫിലേക്ക്; പെന്‍ഷന്‍ ഉറപ്പാക്കാനെന്ന് ആരോപണം

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂട്ടി. പുതിയതായി അഞ്ചു പേരെയാണ് നിയമിച്ചിരിക്കുന്നത്. മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. ഇതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 30 ആയി. നേരത്തെ 25 ആയിരുന്നു.

വി വി സൈനന്‍, കെ. സവാദ്, സഞ്ജയന്‍ എം ആര്‍, വിഷ്ണു പി, ജിപിന്‍ ഗോപിനാഥ് എന്നിവര്‍ക്കാണ് മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്. അതേസമയം സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആരോപണം ഉയരുന്നത്. ഒരു വര്‍ഷം എങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകാന്‍ സാവകാശം നല്‍കിയിരുന്നു. ജൂലൈ 20 വരെയാണ് സമയം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് 5 പേരെ മാറ്റി നിയമിച്ചിരിക്കുന്നത്. 23നാണ് ഉത്തരവ് പുറത്തിറങ്ങിയത്.