കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ.എസ്.എസിന്, ഈ ചിത്രമാണ് തെളിവ്; ഫാത്തിമ തഹിലിയ

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന നടത്തിയ സംഭവം തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ സൂചനയെന്ന് എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹിലിയ.

പാലക്കാട് കാടാങ്കോടാണ് പൊലീസുകാർക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തുന്ന ചിത്രം പങ്ക് വച്ച് കൊണ്ടാണ് തഹിലിയയുടെ വിമർശനം.

“കാക്കി പാന്റസിട്ട് മൂന്ന് പേർ ക്രമസമാധാന പാലനം നടത്തുന്ന ഈ ചിത്രം കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ.എസ്.എസിനാണെന്ന് വെളിവാക്കുന്നുണ്ട്. ഒരാൾ കേരള പൊലീസിന്റെ കാക്കിയും മറ്റ് രണ്ട് പേരും ധരിച്ചത് ആർ.എസ്.എസിന്റെ കാക്കിയുമാണ്”- ഫാത്തിമ തഹിലിയ ഫെയ്സ്ബുക്കിൽ കുറിച്ചു.

പാലക്കാട് കാടാങ്കോടാണ് പൊലീസുകാർക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത് പൊലീസിന് പറ്റിയ ​ഗുരുതര വീഴ്ചയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ കുറ്റപ്പെട്ടുത്തി.

അതേസമയം ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.