അഞ്ചാംക്ലാസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; പോക്‌സോ നിയമപ്രകാരം കേസെടുത്തു

അഞ്ചാംക്ലാസ്സുകാരിയായ മകളെ പീഡിപിച്ച അച്ഛന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാസങ്ങളോളമായുള്ള പിതാവിന്റെ പീഡനം സ്‌കൂള്‍ അധികൃതരോടാണ് കുട്ടി തുറന്നു പറഞ്ഞത്.

അധ്യാപകരാണ് ശിശുക്ഷേമസമിതിയെ വിവരമറിയിക്കുന്നതും പിന്നീട് കുട്ടിയെ വന്ന് കണ്ട് മൊഴിയെടുത്ത് പൊലീസിനോട് വിവരം പറയുന്നതും. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛനെ വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്യുന്നത്.

അച്ഛന്റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതാരാണെന്ന് പറയാന്‍ പോലും കുട്ടിയ്ക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകള്‍ അനുസരിച്ച് അച്ഛന്റെ സുഹൃത്തുക്കളെയും പൊലീസ് തെരഞ്ഞുവരികയാണ്.

കുട്ടിയുടെ അമ്മയെയും അച്ഛന്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും, പ്രതികരിച്ചാല്‍ കൂടുതല്‍ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.