കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറിന് മുക്കൂകയര്‍; രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്ക്  ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് വേണ്ടെന്ന് ഉത്തരവ്, യാത്രക്കാര്‍ വലയും

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉണ്ടാകില്ല. രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്ക് സര്‍വീസ് ഫാസ്റ്റ് പാസഞ്ചര്‍ വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് എക്സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ വലയുമെന്ന് ഉറപ്പാണ്. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസ് മാത്രം ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഷെഡ്യൂള്‍ പുനര്‍ക്രമീകരിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ ചെയിന്‍ സര്‍വീസായി മാത്രം ഉപയോഗിക്കാനാണ് തീരുമാനം. 10 മിനിറ്റ് ഇടവേളകളില്‍ സമീപ ജില്ലകളിലേക്ക് ഫാസ്റ്റ് പാസഞ്ചറുകള്‍ ചെയിന്‍ സര്‍വീസായി ഓടിക്കും.

തിരുവനന്തപുരത്തു നിന്നു കൊല്ലം വരെയും കൊല്ലം ആലപ്പുഴ ജില്ലകളില്‍ നിന്നും എറണാകുളം വരെയുമാണ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ്. അതേ പോലെ എറണാകുളത്തു നിന്നും തൃശൂര്‍ വരെയും എം.സി. റോഡില്‍ തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കര വരെയും കൊട്ടാരക്കരയില്‍നിന്നു കോട്ടയം വരെയും കോട്ടയത്തുനിന്ന് അങ്കമാലി വരെയും മാത്രമാകും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉണ്ടാകൂ. കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.