ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദീനെതിരെ രജിസ്റ്റർ ചെയ്തത് 53 കേസുകള്‍, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 13 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഡിവൈ.എസ്.പി പി.കെ. സുധാകരന്‍റെ നേതൃത്വത്തിൽ മൂന്ന് സി.ഐമാർ ഉൾപ്പെടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം എംസി കമറുദീന്‍ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര സ്റ്റേഷനിലാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ ചന്തേര സ്റ്റേഷനിൽ 12-ഉം കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസും ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിക്ഷേപ തട്ടിപ്പിൽ  ആകെയുള്ള കേസുകളുടെ എണ്ണം 53 ആയി. ഇതില്‍ 13 കേസുകളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

എം.സി. കമറുദ്ദീൻ എം.എൽ.എ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചു നൽകിയില്ലെന്നാണ് പരാതി. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നും​ പരാതിയിൽ പറയുന്നു. സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ പൊലീസ്​ കേസെടുത്തത്.

ജ്വല്ലറി തട്ടിപ്പ് വിഷയം വിവാദമായതോടെ കമറുദീൻ എംഎല്‍എക്കെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടിയെടുത്തിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാൻ സ്ഥാനത്തു നിന്നും കമറുദീനെ ലീഗ് നേതൃത്വം നീക്കുകയായിരുന്നു. ഏറെ പരാതികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം നിര്‍ബന്ധിതമായത്. കാസര്‍കോട്ടെ ജില്ലാ നേതാക്കളെ  പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് കമറുദീന് എതിരെ മുസ്ലീം ലീഗ് നടപടി പ്രഖ്യാപിച്ചത്.

78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ടു പേർക്ക് വണ്ടിച്ചെക്ക് നൽകിയ കേസിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് നേരത്തെ സമൻസ് അയച്ചിരുന്നു. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കള്ളാർ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണിത്. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ കോടതിയിൽ ഹാജരാകാൻ കമറുദ്ദീന് നിർദേശം നൽകിയിട്ടുണ്ട്.

ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും നേരത്തേ വിൽപന നടത്തിയിരുന്നു.

ചിലർ തനിക്കെതിരെ കള്ളക്കേസ്​ ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും എം.സി. ഖമറുദ്ദീൻ എം.എൽ.എ വ്യക്തമാക്കിയത്.