മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റ് മാര്‍ച്ച്, അതിവേഗപാത ഉപരോധിക്കും; കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കർഷകർ

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ സംയുക്ത കിസാൻ മോർച്ച പുറത്തുവിട്ടു. കഴിഞ്ഞ നാല് മാസത്തില്‍ അധികമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 10ന്​ കുണ്ഡ്​ലി -മനേസർ -പൽവാൽ അതിവേഗ പാത 24 മണിക്കൂർ ഉപരോധിക്കും. കൂടാ​തെ മേയിൽ പാലർമെന്‍റിലേക്ക്​ മാർച്ച്​ സംഘടിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ അഞ്ചിന്​ രാജ്യത്തെ എഫ്​.സി.ഐ ഓഫീസുകൾ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു.​ ഏപ്രിൽ അഞ്ച്​ “എഫ്​.സി.ഐ (ഫുഡ്​ കോർപ്പറേഷൻ ഓഫ്​ ഇന്ത്യ) ബച്ചവോ ദിവസ്​” ആയി ആചരിക്കും.

കർഷകർ മാത്രമല്ല പാർലമെന്‍റ്​ മാർച്ചിൽ പ​ങ്കെടുക്കുകയെന്നും സ്ത്രീകൾ, തൊഴിൽരഹിതർ, തൊഴിലാളികൾ തുടങ്ങിയവർ കാൽനട യാത്രക്ക്​ പിന്തുണ അറിയിച്ചതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ഏപ്രിൽ 13ന്​ ഡൽഹി അതിർത്തികളിൽ കർഷകർ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രിൽ 14ന്​ ഭരണഘടന ശിൽപ്പി അംബേദ്​കറിന്‍റെ ജന്മദിനത്തിൽ സംവിധാൻ ബച്ചാവോ ദിവസ്​ (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കർഷക സംഘടന അറിയിച്ചു.

കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ 2020 നംവബർ മുതൽ ഡൽഹി അതിർത്തിയിൽ കർഷക സംഘടനകൾ പ്രതിഷേധിക്കുകയാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.