ധനമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചു

ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്. വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. പണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചു.

വാട്‌സ്ആപ്പ് പ്രൊഫൈലായി ധനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ധനമന്ത്രിയുമായി പരിചയമുള്ള ആളുകള്‍ക്ക് പുതിയ നമ്പരില്‍ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം എത്തുകയായിരുന്നു. തുടര്‍ന്ന് സന്ദേശം ലഭിച്ചവര്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്.

നേരത്തെ സമാന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും സ്പീക്കര്‍ എം ബി രാജേഷിന്റെ പേരിലും സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.