മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജവാര്‍ത്ത: സംഘപരിവാര്‍ അനുകൂല ചാനലിന് അരക്കോടി രൂപ പിഴ; സ്ഥാപനത്തിന് വേണ്ടി വാദിച്ചത് പി. എസ് ശ്രീധരന്‍പിള്ള അടക്കമുള്ള അഭിഭാഷകര്‍

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനലിന് അരക്കോടി രൂപ പിഴയിട്ട് കോടതി. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന സുദര്‍ശന്‍ ടിവിയ്ക്കാണ് കോടതി പിഴയിട്ടത്. സുദര്‍ശന്‍ ടി.വിക്കും എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരെ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം.പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോഴിക്കോട് രണ്ടാം അഡീഷനല്‍ സബ്കോടതിയുടെ ഉത്തരവ്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തിയ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയിലാണ് സുദര്‍ശന്‍ ടിവി വാര്‍ത്ത നല്‍കിയത്. 2016 ഓഗസ്റ്റ് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെ കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജവാര്‍ത്ത ചാനല്‍ പുറത്തുവിട്ടത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും എതിരാളികള്‍ക്ക് ദുരുദ്ദേശത്തോടു കൂടിയും മലബാര്‍ ഗോള്‍ഡിന്റെ ദേശസ്‌നേഹത്തെ ഇകഴ്ത്തുന്ന രീതിയിലുമാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തു വിട്ടതെന്നാണ് മലബാര്‍ ഗോള്‍ഡ് പരാതിയായി ഉന്നയിച്ചത്. മലബാര്‍ ഗോള്‍ഡിന് വേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. കെ.റീത്ത, അഡ്വ.അരുണ്‍ ക്യഷ്ണ ദാന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

കഴിഞ്ഞ ദിവസം നടന്ന വാദം കേള്‍ക്കലില്‍ സുദര്‍ശന്‍ ചാനലും എഡിറ്റര്‍ സുരേഷ് ചാവങ്കെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവെയ്ക്കാനും ഉത്തരവിടുകയായിരുന്നു.