വ്യാജമായി അംഗങ്ങളെ ചേര്‍ത്തു; കെ.പി.സി.സിക്ക് എതിരെ എ ഗ്രൂപ്പ്

കോണ്‍ഗ്രസിന്റെ അംഗത്വ വിതരണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. കെപിസിസിക്കെതിരെയാണ് ആരോപണം. ഫോട്ടോ പോലും പതിപ്പിക്കാതെ വ്യാജമായി അംഗങ്ങളെ ചേര്‍ത്തു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എ ഗ്രൂപ്പ് വരണാധികാരിക്ക് പരാതി നല്‍കും.

അവസാനം അംഗത്വമെടുത്ത ആളുകളില്‍ അധികവും വ്യാജമാണ്. ഡിജിറ്റലായാണ് അംഗത്വവിതരണം നടന്നത്. എന്നാല്‍ അവസാന ദിവസങ്ങളില്‍ അത് മാറ്റിവെച്ച് അപേക്ഷാ ഫോമുകളിലൂടെയായിരുന്നു അംഗങ്ങളെ ചേര്‍ത്തത്. ഇത്തരത്തില്‍ ഫോമുകള്‍ മുഖാന്തരം നേരിട്ട് ചേര്‍ത്തവരുടെ ഫോട്ടോ പതിപ്പിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം സ്വയം തീരുമാനിക്കുകയായിരുന്നു. ഇത് വ്യാജ അംഗങ്ങളെ ചേര്‍ക്കാന്‍ വേണ്ടിയാണ് എന്നുമാണ് എ ഗ്രൂപ്പിന്റെ പരാതി.

സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പുന:സംഘടനയുമായി മുന്നോട്ടു പോയത് പിന്‍വാതിലൂടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആണെന്നും എ ഗ്രൂപ്പ് പറയുന്നു. അതേ സമയം അംഗത്വമെടുത്തവരുടെ കണക്കുകള്‍ നേതൃത്വം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അംഗത്വ വിതരണത്തിന്റെ സമയം അവസാനിച്ചപ്പോള്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ കുറവാണെന്ന വിമര്‍ശനങ്ങളും കെപിസിസിക്കെതിരെ ഉയരുന്നുണ്ട്.