വ്യാജ അഭിഭാഷക പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിലെത്തി; ജാമ്യമെടുക്കാതെ മുങ്ങി

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ ജാമ്യമെടുക്കാനെത്തിയെങ്കിലും, പിടിയിലാകുമെന്ന് ഭയന്ന് മുങ്ങി. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. ഇന്ന് ഉച്ചയോടെയായിരുന്നു ഒളിവിലായിരുന്ന സെസി സേവ്യര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയത്. ജാമ്യമില്ലാ വകുപ്പാണ് തനിക്ക് മേല്‍ ചുമത്തപ്പെട്ടതെന്ന് വ്യക്തമായതോടെയാണ് സെസി മുങ്ങിയത്.

മതിയായ യോഗ്യതയുണ്ടെന്ന് തെറ്റിധരിപ്പിച്ച് രണ്ടരലര്‍ഷത്തോളം ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ പ്രാട്കീസ് ചെയ്തതിന് പിന്നാലെയാണ് കള്ളിവെളിച്ചത്തായത്. ഇതോടെ സെസി ഒളിവില്‍ പോകുകയായിരുന്നു. സുഹൃത്തുക്കളായ അഭിഭാഷകരാണ് സെസിയെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നാണ് പൊലീസിന്റെ ഭാഷ്യം. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെയാണ് അത്യന്തം നാടകീയമായി കോടതി വളപ്പിലെത്തിയത്.

നിയമ ബിരുദം പൂര്‍ത്തീകരിക്കാത്ത സെസി സേവ്യര്‍ മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു രണ്ടരവര്‍ഷത്തോളം വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയതത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോര്‍ത്ത് പൊലീസ് കേസെടുത്തത്.