സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; അഗ്നിരക്ഷാ സേന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗോഡൗണുകളിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്തെ ഗോഡൗണിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് 2021 ഡിസംബറിലും തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണിലെ സുരക്ഷയെ ചൂണ്ടിക്കാട്ടി 2022 മേയിലും നോട്ടീസ് നല്‍കിയിരുന്നു.

തീ പിടിക്കുന്ന വസ്തുക്കള്‍ ഇടകലര്‍ത്തി സൂക്ഷിച്ചതാണ് തീപിടുത്തമുണ്ടാക്കിയതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഗോഡൗണുകളിലും തീ അണയ്ക്കുവാനുള്ള സംവിധാനമോ വെള്ളമെടുക്കുന്നതിനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. തീ അണയ്ക്കാനായി തൊട്ടടുത്ത ജല ശ്രോതസുകളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ തീ അണയ്ക്കാനായി ധാരാളം സമയമെടുത്തു. കൊല്ലത്തെ ഗോഡൗണിലെക്കുള്ള വഴി ഇടുങ്ങിയതിനാല്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ കടന്നു പോകുന്നതില്‍ തടസം ഉണ്ടായി.

വായു സഞ്ചാരമില്ലാത്ത കെട്ടിടമായിരുന്നു കൊല്ലത്തെയും തിരുവനന്തപുരത്തേയും. അഗ്നിരക്ഷാ സേനയുടെ രണ്ട് ചെറിയ വാഹനങ്ങളില്‍ വെള്ളം എത്തിച്ച് തീ പിടുത്തം നിയന്ത്രക്കാന്‍ കഴിയുമായിരുന്നില്ല. ഇത് സുരക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. അതേസമയം ഫയര്‍ ഓഡിറ്റ് നടത്തി ഓരോ വര്‍ഷവും മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും കോര്‍പ്പറേഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ സേനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വേണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്. നിലവില്‍ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി നിര്‍ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് അധികാരമില്ല. അഗ്നിരക്ഷാ സേനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു.