പീഡനക്കേസുകൾ കെട്ടിച്ചമച്ചത്; മോൻസന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിലുമാണ് ഹര്‍ജി.

പോക്‌സോ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നടപടികള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കരുത് എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.അതേ സമയം പീഡന കേസുകള്‍ കെട്ടിച്ചമച്ചതാണ് എന്ന് മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകള്‍ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 2018 മുതല്‍ പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.