ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പാലക്കാട്  ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുവാവ് പിടിയില്‍. കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശി ഷബീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കിടെയാണ് പ്രതിയെ പിടികൂടിയത്.

പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, ആരോഗ്യപ്രവര്‍ത്തകയെ പ്രതി കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ഷബീറിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം എന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലറാണ് ഡിജിപി പുറത്തിറക്കിയത്.

അതിക്രമങ്ങള്‍ സംബന്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളില്‍ നിലവില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.

Read more

അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും ജില്ലാ പൊലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.