പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ, മൂന്ന് പേര്‍ കസ്റ്റഡിയില്‍

വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ് പ്രവാസിയായ അബ്ദുള്‍ ജലീല്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ് കാര്യവട്ടം സ്വദേശി യഹിയ ആണെന്ന് പൊലീസ്. അഹ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് യഹിയ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലിവില്‍ ഇയാള്‍ ഒളിവിലാണ്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണ് എന്നാണ് പൊലീസിന്റെ നിഗമനം. യഹിയയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുള്‍ ജലീലാണ് മരിച്ചത്. ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ അബ്ദുള്‍ ജലീലിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അബ്ദുള്‍ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി.

വിമാനത്താവളത്തിലെത്തിയ ശേഷം ജലീല്‍ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറഞ്ഞു.