എറണാകുളം ഉപതിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുക്കം തുടങ്ങി, ടി. ജെ വിനോദിന് മുൻ‌തൂക്കം

എറണാകുളം നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് ടി. ജെ വിനോദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നതിന് സാധ്യതയേറി. സ്ഥാനാർത്ഥിയാകാൻ അര ഡസനിലേറെ പേർ സജീവമായി രംഗത്തുണ്ടെങ്കിലും വിനോദിന്റെ പേരിനാണ് കൂടുതൽ മുൻ‌തൂക്കം ലഭിച്ചിരിക്കുന്നത്. മുൻ കൊച്ചി മേയർ ടോണി ചമ്മണിയാണ് പിന്നീട് വരുന്നത്. എന്നാൽ ഹൈബി ഈഡൻ എം. പി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വിനോദ് സ്ഥാനാർത്ഥിയാകണമെന്നാണ് താത്പര്യം.

കോൺഗ്രസിന്റെ ശക്തമായ തട്ടകമായ എറണാകുളത്ത് പൊതുവെ ലത്തീൻ കത്തോലിക്കാ സ്ഥാനാർത്ഥികളാണ് വിജയിച്ചു കയറാറുള്ളത്. 1987-ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിൽ എ.എൽ ജേക്കബിനെ തോല്‍പിച്ച് പ്രൊഫ. എം. കെ സാനു ജയിച്ചത് മാത്രമാണ് ഇതിന് ഒരു അപവാദമായുള്ളത്. എവറസ്റ്റ് ചമ്മണി കോൺഗ്രസ് വിമതനായി മത്സരിച്ച് പതിനായിരത്തിലേറെ വോട്ട് നേടിയതാണ് അന്ന് ജേക്കബിന്റെ പരാജയത്തിന് മുഖ്യ കാരണം. ഇടതുപക്ഷം ഇവിടെ വിജയം നേടിയതും ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയപ്പോൾ മാത്രമായിരുന്നു. 1998- ൽ ഡോ. സെബാസ്റ്റ്യൻ പോളാണ് വിജയം കണ്ടത്.

2016- ലെ ഇലക്ഷനിൽ കോൺഗ്രസിലെ ഹൈബി ഈഡനൊപ്പമായിരുന്നു വിജയം. 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.ഐ എമ്മിന്റെ എം. അനിൽകുമാറിനെയായിരുന്നു ഹൈബി വീഴ്ത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥി എൻ. കെ മോഹൻദാസ് 14,878 വോട്ട് നേടി മൂന്നാമതെത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്റെ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വി.ഡി സതീശന്‍ എം.എല്‍.എ നയിക്കും. ചൊവ്വാഴ്ച ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ വി.ഡി സതീശന് മണ്ഡലത്തിന്റെ ചുമതല നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡന് 31,178 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

വര്‍ഷങ്ങളായി ഐ ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് ഈ സീറ്റ് അനുവദിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഐ ഗ്രൂപ്പുകാരനായ ടി.ജെ വിനോദാണ് സാധ്യതാ പട്ടികയില്‍ മുമ്പില്‍. ടി.ജെ വിനോദ് കഴിഞ്ഞ അഞ്ച് തവണയായി കൊച്ചി കോര്‍പ്പറേഷനില്‍ തമ്മനത്ത് നിന്നുള്ള കൗണ്‍സിലറാണ്. ഇപ്പോള്‍ ഡെപ്യൂട്ടി മേയറും ആണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡി.സി.സി അദ്ധ്യക്ഷ ചുമതല വഹിക്കുന്ന വിനോദ്, ഹൈബി ഈഡന്റെ പ്രചാരണചുമതലയും നിര്‍വഹിച്ചിരുന്നു.

മുന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായ ടോണി ചമ്മണിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും ടോണിക്കില്ല. അതിനാല്‍ തന്നെ ടോണിക്ക് അർഹമായ സ്ഥാനം നല്‍കണമെന്ന് എ ഗ്രൂപ്പിനുണ്ട്. എന്നാല്‍ ഈ സീറ്റ് എ ഗ്രൂപ്പുകാരനായ ടോണിക്ക് നല്‍കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

എറണാകുളത്ത് തന്നെയുള്ള പ്രമുഖ നേതാവ് ലാലി വിന്‍സന്റും സീറ്റിലേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖയാണ്. ഇടുക്കി, വയനാട് ലോക്സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഉത്തരവാദിത്വം ലാലിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റി അദ്ധ്യക്ഷന്‍ ഹെന്റി ഓസ്റ്റിന്റെ പേരും സാധ്യതാ ചര്‍ച്ചകളിലുണ്ട്.

മൂന്നാം തവണയാണ് എറണാകുളം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 1998- ല്‍ സെബാസ്റ്റ്യന്‍ പോളും 2009- ല്‍ ഡൊമിനിക് പ്രസന്റെഷനുമാണ് വിജയിച്ചത്. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള ഈ മണ്ഡലം 1957- മുതല്‍ കോണ്‍ഗ്രസിനോടൊപ്പമാണ്. 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി എ.എൽ ജേക്കബാണ് എറണാകുളത്ത് വിജയിയായായത്. 1960- ലും ജേക്കബ് തന്നെയായിരുന്നു എറണാകുളം എം. എൽ. എ 1965- ലും 67- ലും അലക്‌സാണ്ടർ പറമ്പിത്തറ വിജയിച്ചു. 1970- ൽ വീണ്ടും എ. എൽ ജേക്കബ്. 77- ലും 80- ലും 82-ലും ജേക്കബ് തന്നെ വിജയക്കൊടി പാറിച്ചു. 199-1 ൽ ജോർജ് ഈഡൻ എറണാകുളത്തിന്റെ എം.എൽ.എ ആയി. 96- ലും അദ്ദേഹം തന്നെ വിജയി ആയി. 2001- ൽ കെ. വി തോമസ് വിജയി ആയി.