തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ലീഗ് യു.ഡി.എഫ് വിടുമെന്ന് ഇ.പി ; സി.പി.എം പോലൊരു മുങ്ങുന്ന കപ്പലിലേക്ക് ഒരിക്കലും പോകില്ലെന്ന് മറുപടി നൽകി ലീഗും

നിയമസഭാ തിരഞ്ഞെടുപ്പോടെ മുസ്ലീംലീഗ് യുഡിഎഫ് വിടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇതോടെ യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. എന്നാല്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മറുപടിയുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തി.

ലീഗിന് വഴിമാറി ചിന്തിക്കേണ്ട ഒരാവശ്യവും ഇപ്പോഴില്ല. സിപിഎം പോലൊരു മുങ്ങുന്ന കപ്പലിലേക്ക് ഒരിക്കലും പോകില്ലെന്നും മുസ്‌ലീം ലീഗ് എം.എല്‍.എ ഡോ. എം.കെ മുനീര്‍ പ്രതികരിച്ചു. നടക്കാത്ത എത്ര സ്വപനങ്ങളെക്കുറിച്ച് ഇ.പി ജയരാജന്‍ സംസാരിച്ചിരിക്കുന്നു. മാക്‌സിസ്റ്റ് പാര്‍ട്ടി ശിഥിലമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവസാനം ഒരു ക്യാപ്റ്റന്‍ മാത്രമെ ഉണ്ടാകൂവെന്നും മുനീര്‍ പറഞ്ഞു.

യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നും 80 – 85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.