പാർട്ടി പറഞ്ഞാലും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ഇ.പിയുടെ പ്രസ്താവനയിൽ സി.പി.എമ്മിൽ അതൃപ്തി: നടപടി വേണമെന്ന് ആവശ്യം

പാർട്ടി പറഞ്ഞാലും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മന്ത്രി ഇ.പി ജയരാജൻ്റെ പ്രസ്താവനയിൽ സി.പി.എമ്മിൽ അതൃപ്തി. ജയരാജൻ്റെ നടപടി കമ്മ്യൂണിസ്റ്റ് തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തൽ. പാർട്ടിയുമായി ആലോചിക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇത്രത്തോളം പ്രധാന്യമുള്ള ഒരു പ്രസ്താവന നടത്തിയതെന്നതും വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നു. ജയരാജനെതിരെ നടപടി വേണമെന്ന് ഇതിനോടകം തന്നെ പാർട്ടിക്കുള്ളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.

തുടർ ഭരണത്തിനായി പാർട്ടി ഒറ്റക്കെട്ടായി അരയും, തലയും മുറിക്കി പോരാടുമ്പോൾ അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന്  ജയരാജൻ്റെ ഈ പ്രസ്താവന കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇ.പിയുടെ നടപടിയിലുള്ള അനിഷ്ടം മുഖ്യമന്ത്രിയുടെ വാക്കുകളിലും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറയാനുള്ള തീരുമാനം വ്യക്തിപരമെന്ന്  പറയുമ്പോഴും, ആ തീരുമാനം പാർട്ടിയുമായി കൂടിയാലോചിക്കാതെ പരസ്യമാക്കിയതാണ് ഇ.പിക്ക് വിനയാകുന്നത്. മട്ടന്നൂർ നൽകാത്തതിലുള്ള അനിഷ്ടപ്രകടനമാണ് ജയരാജൻ നടത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നിർണായക തീരുമാനം പ്രഖ്യാപിച്ച് സംസാരിച്ചപ്പോൾ പിണറായി വിജയനെ, ജയരാജൻ ആവോളം പുകഴ്ത്തിയിരുന്നു. എന്നാൽ ജയരാജൻ മുഖ്യമന്ത്രിയെ കളിയതാന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം അതു വ്യാഖ്യാനിക്കപ്പെട്ടതും തിരിച്ചടിയായി.എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.പി.എമ്മിനുള്ളിൽ ജയരാജൻ്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ചുരുക്കി പറഞ്ഞാൽ പാർട്ടിയുടെ നെടുംതൂണുകളായി നിന്നിരുന്ന കണ്ണൂരിലെ നേതാക്കൾക്കിടയിൽ അസ്വാരസ്യം പുകയുന്നതിൻ്റെ സൂചനകളാണ് പരസ്യ പ്രതികരണങ്ങളിലൂടെ പുറത്ത് വരുന്നത്.