മോദി കൂട്ടക്കൊല നടത്തിയതിന് തെളിവുണ്ടോ എന്ന് മേജര്‍ രവി; ബിജെപിയുടെ തോല്‍വിയ്ക്ക് കാരണം കേരളത്തിലെ സാക്ഷരതയെന്ന് സമ്മതിച്ച് സംവിധായകന്‍

കേരളത്തിലെ സാക്ഷരതയാണ് ബിജെപിയുടെ തോല്‍വിയ്ക്ക് കാരണമായതെന്ന വാദത്തോട് യോജിക്കുന്നുവെന്ന് സംവിധായകന്‍ മേജര്‍ രവി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2002ല്‍ നരേന്ദ്ര മോദി കൂട്ടക്കൊല നടത്തിയത് മറക്കരുത് എന്ന് പറഞ്ഞ ആളോട് തെളിവുകാണിക്കണമെന്നും സംവിധായകന്‍ മേജര്‍ രവി ഫെയ്സ്ബുക്കില്‍ ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദിയെ അഭിന്ദിച്ചുകൊണ്ട് മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനു താഴെയായിരുന്നു കമന്റുകള്‍.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധി താങ്കളുടെ കൈയ്യിലാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ മോദി ജി എന്നായിരുന്നു മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് വിമര്‍ശനങ്ങളുമായി നിരവധി പേര്‍ എത്തിയത്.

മോദി 2002ല്‍ ഒരു കൂട്ടക്കൊല നടത്തിയ വ്യക്തിയാണെന്ന കമന്റിന് അതിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. കേരളത്തിലെ സാക്ഷരതയാണോ ബിജെപിയുടെ തോല്‍വിയ്ക്ക് കാരണമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അതിനോട് യോജിക്കുന്നുവെന്നാണ് മേജര്‍ രവി മറുപടി നല്‍കിയത്.