കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു; ചെവിയുടെ ഒരു ഭാഗം അറ്റുപോയി

മലമ്പുഴയിലെ ആറങ്ങോട്ടുകുളമ്പ് പടലിക്കാട് ഭാഗത്ത് വീണ്ടും കാട്ടാനയിറങ്ങി. പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിനുപുറത്തിറങ്ങിയ പരിസരവാസിക്ക് കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു. 67- കാരനായ മുത്തുവിനാണ് പരിക്കേറ്റത്. ചെവിയുടെ ഒരുഭാഗം അറ്റുപോയി. കണ്ണിനടുത്തും പരിക്കുണ്ട്. ഓടുന്നതിനിടെ വീണ് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ചായ കുടിക്കാനായി ഇറങ്ങിയ മുത്തു പുഴപ്പാലത്തിനു സമീപം ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ആനകളെ കാടുകയറ്റാനായി ദ്രുതകര്‍മ്മസേനയും വനപാലകരും സ്ഥലത്തെത്തി. എന്നാല്‍ വൈകുന്നേരമായിട്ടും ഉള്‍ക്കാട്ടിലേക്ക് കയറ്റാനായില്ല. വൈകീട്ടോടെ മഴയും ഇരുട്ടും ദൗത്യത്തിന് തടസ്സമായി. തേക്കിന്‍കാട് ഭാഗത്ത് കാട്ടിലുള്ള ആനകളെ ഉള്‍ക്കാട് കയറ്റാനുള്ള ദൗത്യം രാത്രി എട്ടുമണി മുതല്‍ തുടര്‍ന്നു.

അതേസമയം, ആനകളെ ഓടിക്കാനായി വനംവകുപ്പിന് അനുവദിച്ചുനല്‍കിയ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

രണ്ട് തോക്കുകളാണ് വകുപ്പിന് നല്‍കിയത്. എന്നാല്‍, പ്രയോഗിക്കേണ്ട സാഹചര്യം വരാതിരുന്നതിനാലാണ് ഗണ്‍ ഉപയോഗിക്കാതിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.