കോഴിക്കോട് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ബേപ്പൂര്‍ പൊലീസ് കേസെടുത്തു. കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് നടുവട്ടത്താണ് സംഭവം.
കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന് പറഞ്ഞു.
കരാര്‍ ജീവനക്കാര്‍ പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലൂടെ വന്ന ബൈക്കിന് പിന്നിലിരുന്ന അര്ജുന് മേലേക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവന് നഷ്ടമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയതെന്നും ആളുകള്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.