'ഇലക്ട്രിക് ബസുകൾ സംസ്ഥാനത്ത് നിർമ്മിക്കും'

മാർച്ച് മാസത്തോടെ തൊഴിലുറപ്പ് മേഖലയിൽ ഒമ്പത് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു. മുളന്തുരുത്തി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഇലക്ട്രിക് ബസുകൾ സംസ്ഥാനത്ത് നിർമ്മിക്കുന്നതടക്കം  വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. റബ്ബർ മേഖലയിലെ പ്രതിസന്ധികൾ മറികടക്കുന്നതിനായി കോട്ടയത്ത് റബ്ബർ പാർക്ക് ആരംഭിക്കും. ചെറുകിട റബ്ബർ മേഖലയിലടക്കം പാർക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. നാളികേര മേഖലയുടെ ഉണർവിനായി ഒരു വാർഡിൽ 75 തെങ്ങുകൾ നട്ട് പരിപാലിക്കുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കും. നാളികേരത്തിൽ നിന്നും കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കും.

അമ്പതിനായിരം കുടുംബ ശ്രീ അംഗങ്ങൾക്ക് 22 ദിവസത്തെ പരിശീലനം നൽകി പ്ലംബിംഗ്, ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പെടെ വിവിധ തൊഴിൽ രംഗത്ത് സജീവ സാന്നിധ്യമാക്കും. അഞ്ച് ലക്ഷം പുതിയ ഭവനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമ്പോൾ അത് സാമ്പത്തിക രംഗത്തിന് ഊർജ്ജം പകരും.

ആരോഗ്യമേഖല അടക്കം വിവിധ പൊതുമേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തി കേരള മോഡൽ വികസന രംഗത്തെ കൂടുതൽ ഗുണനിലവാരമുള്ളതാക്കും.

Read more

മുളന്തുരുത്തി പള്ളിത്താഴത്ത് നിർമ്മിച്ചിട്ടുള്ള ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഇന്ദിരാഗാന്ധി ബസ് ടെർമിനൽ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ടെർമിനലിന്റെ ഒന്നാംനിലയിൽ മുൻ മന്ത്രി ടി.എം ജേക്കബിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഹാളിന്റെ ഉദ്ഘാടനവും മന്ത്രി എ. സി മൊയ്തീൻ നിർവ്വഹിച്ചു.