തിരഞ്ഞെടുപ്പ് വീഴ്ച; എറണാകുളം സി​.പി​.എമ്മി​ൽ ആറുപേർക്ക് എതിരെ അച്ചടക്ക നടപടി

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളം സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. രണ്ട് ജി​ല്ലാ സെക്രട്ടേറി​യറ്റ് അംഗങ്ങളും രണ്ട് ജി​ല്ലാ കമ്മി​റ്റി​ അംഗങ്ങളും ഉൾപ്പെടെ ആറ് നേതാക്കൾക്കെതി​രെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് സി.പി.എം സ്വീകരിച്ചത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ വിഭാഗീയ പ്രവർത്തനങ്ങൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് നടപടി.

കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനും സി​.ഐ.ടി​.യു സംസ്ഥാന വൈസ് പ്രസി​ഡന്റുമായ സി​.കെ.മണി​ശങ്കറെ ജി​ല്ലാ സെക്രട്ടേറി​യറ്റിൽ നി​ന്നും സി​.എൻ.സുന്ദരനെ ജി​ല്ലാ കമ്മി​റ്റി​യി​ൽ നി​ന്നും ഒഴി​വാക്കി​. ജി​ല്ലാ സെക്രട്ടേറി​യറ്റംഗം എൻ.സി​.മോഹനന് ശാസന. അഡ്വ.കെ.ഡി​.വി​ൻസെന്റി​നെ വൈറ്റി​ല ഏരി​യാ സെക്രട്ടറി​യുടേതുൾപ്പെടെ എല്ലാ ചുമതലകളി​ൽ നി​ന്നും നീക്കി​. ജി​ല്ലാ കമ്മി​റ്റി ​അംഗവും കൂത്താട്ടുകുളം ഏരി​യാ സെക്രട്ടറിയുമായ​ ഷാജു ജേക്കബി​നും ഓഫീസ് സെക്രട്ടറി​ അരുൺ​ സത്യകുമാറി​നും സ്ഥാനങ്ങൾ നഷ്ടമായി​. സംസ്ഥാന സെക്രട്ടറി​ എ.വി​ജയരാഘവന്റെ നേതൃത്വത്തി​ൽ ചേർന്ന ജി​ല്ലാ സെക്രട്ടേറി​യേറ്റ് യോഗത്തി​ലാണ് തീരുമാനം.

മുതിർന്ന നേതാക്കൾക്കെതിരെയടക്കം ഗുരുതരമായ വിമർശനങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടായിരുന്നു പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയത്. മുതിർന്ന നേതാവ് സി.കെ മണിശങ്കർ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലടക്കം യാതൊരു ശ്രമവും നടത്തിയില്ലെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുണ്ടായിരുന്നത്. എന്നാൽ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കുന്ന തരത്തിലുള്ള കടുത്ത നടപടി അപ്രതീക്ഷിതമായിരുന്നു.

ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി സമ്മേളനത്തിന് മുമ്പ് വിഭാഗീയത പ്രവർത്തനങ്ങൾ ഏകോപിക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുയർന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലെ കടുത്ത നടപടി കൊണ്ട് വിഭാഗീയത പ്രവർത്തനങ്ങൾക്കും തടയിടാൻ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്