പത്തനംതിട്ടയില്‍ വയോധികയെ പീഡിപ്പിച്ചു; കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം. അരുവാപ്പുറത്ത് 85 വയസുകാരിയെ കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസനാണ് പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

16 വര്‍ഷമായി വയോധിക കൊച്ചുമകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍ പീഡനത്തിന് ഇരയായത്. ശിവദാസന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ വയോധിക വീട്ടുകാരോട് വിവരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയരുതെന്നാണ് വീട്ടിലുള്ളവര്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം വയോധിക ശിവദാസന്‍ ഉപദ്രവിക്കുന്നതിനെ കുറിച്ച് അടുത്തുള്ള അങ്കണവാടിയിലെ ജീവനക്കാരോട് പറഞ്ഞു. ഇവരാണ് വയോധികയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കാന്‍ സഹായിച്ചത്. പരാതിയെ തുടര്‍ന്ന് ശിവദാസനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.