പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല: ബിജു പ്രഭാകറിനെതിരെ എളമരം കരീം

ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരെ സി.പി.ഐ(എം) എം.പിയും സി.ഐ.ടിയു നേതാവുമായ എളമരം കരീം. കെ.എസ്.ആർ.ടി.സിയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന ബിജു പ്രഭാകറിന്റെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു. എം.ഡി ഉത്തരവാദിത്തത്തോടെ പെരുമാറണം. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു.

തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികള്‍ തെറ്റ് ചെയ്‌തെങ്കില്‍ നിയമാനുസൃതമായി നടപടി സ്വീകരിക്കണം. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്‌മെന്റാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതും മാനേജ്‌മെന്റാണ്. ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്. രാഷ്ട്രീയ പാര്‍ട്ടികളോ തൊഴിലാളി യൂണിയനുകളോ ജോലി ചെയ്യാതെ ശമ്പളവും ആനുകൂല്യവും പറ്റാന്‍ ഒരു പ്രേരണയും തൊഴിലാളികൾക്ക് നല്‍കുന്നില്ല. അതിന് വിപരീതമായി വല്ല തെളിവുകളുമുണ്ടെങ്കില്‍ മാനേജ്‌മെന്റ് അത് പുറത്തു കൊണ്ടുവരണം എന്നും എളമരം കരീം പറഞ്ഞു.

ശമ്പള പരിഷ്‌കരണം ഇല്ലാതിരുന്നിട്ടുപോലും എതിർക്കാത്തവരാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ. അവർ പണിമുടക്ക് നടത്തിയിട്ടില്ല. ഇത്തരത്തിൽ മുന്നോട്ടുപോകുന്ന ജീവനക്കാരുടെ സഹകരണം ഇല്ലാതാക്കുന്ന ഒരു പ്രസ്താവന മാനേജിങ് ഡയറക്ടര്‍ നടത്താന്‍ പാടിലായിരുന്നു. അദ്ദേഹം ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. എന്നാല്‍, കൃത്യവിലോപം കാണിക്കുകയോ മോഷണം നടത്തുന്നവരോ ഉണ്ട് എന്ന് കണ്ടുപിടിച്ചാല്‍ നടപടി സ്വീകരിക്കണം. നടപടിക്ക് എതിരായിട്ട് അല്ല ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും എളമരം കരീം പറഞ്ഞു.

ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസിയടക്കമുള്ള തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ എംഡിയുടെ ഓഫീസിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തി. തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനം ചെയ്തിട്ടുണ്ട്.

Read more

കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. ജീവനക്കാര്‍ നിരവധി തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും എംഡി ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. കെ.എസ്.ആർ.ടി.സി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്നെന്നും അദ്ദേഹം പറഞ്ഞു.