മലമ്പുഴയില്‍ സി.പി.എം നേതാവിനെ വധിച്ച കേസില്‍ എട്ടു പേരും പിടിയില്‍

 

മലമ്പുഴയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും അറസ്റ്റില്‍ . ആറ് പ്രതികളെ ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്തതോടെയാണ് മുഴുവന്‍ പ്രതികളും അറസ്റ്റിലായത്്. രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.

കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.