സി.എം രവീന്ദ്രനുമായി ബന്ധം; ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി. പരിശോധന

വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.

റെയിഡ് 2 മണിക്കൂർ നീണ്ടു. പാഥമിക വിവരശേഖരണമാണ് നടന്നത്. സംഘം തിരിച്ച് പോയി. സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേയും റെയ്ഡ് നടത്തിയിരുന്നു.

വടകരയിലെ അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് ഇഡി നേരത്തെ പരിശോധന നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്.

ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.