എസ്.ഡി.പി.ഐയുമായുള്ള രഹസ്യചര്‍ച്ച വാര്‍ത്ത തള്ളി ഇ. ടി; ‘നസ്റുദ്ദീന്‍ എളമരത്തെയും സുഹൃത്തുക്കളെയും ഹോട്ടലില്‍ കണ്ടത് യാദൃച്ഛികമായി’

മുസ്ലിം ലീഗ് നേതൃത്വം എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലില്‍ ഇരിക്കവെ യാദൃച്ഛികമായി അതുവഴി വന്ന എസ്.ഡി.പി.ഐ നേതാക്കളായ നസ്റുദ്ദീന്‍ എളമരവും സുഹൃത്തുക്കളും തന്റെയടുത്ത് വരികയും അല്‍പ്പനേരം സംസാരിക്കുകയുമാണുണ്ടായത്. നസ്റുദ്ദീന്‍ സുഹൃത്തും നാട്ടുകാരനുമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി അവിടേക്ക് എത്തുകയും അവിടെനിന്ന് പിരിയുകയുമാണുണ്ടായത്.

നിരന്തരം ആളുകള്‍ വന്നു പോകുന്ന ഈ ഹോട്ടലില്‍ വെച്ച് രാഷ്ട്രീയ രഹസ്യചര്‍ച്ച നടത്തിയെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്ന് പറഞ്ഞ ഇ.ടി, പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ ഹോട്ടലില്‍ പോണോ എന്നും ചോദിച്ചു.

നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി