ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: നിലപാട് തിരുത്തി വി. മുരളീധരൻ

മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് മുരളീധരൻ നിലപാട് തിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു മുരളീധരൻ്റെ പ്രതികരണം.

വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ചായിരുന്നു സുരേന്ദ്രന്‍റെ ഈ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ട സുരേന്ദ്രൻ പ്രസംഗശേഷം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് വഴി വികസനം അജണ്ടയാക്കലായിരുന്നു ലക്ഷ്യം. കേന്ദ്രസഹമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിസ്ഥാനാർത്ഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു.

പക്ഷെ വൈകീട്ട് കേന്ദ്രമന്ത്രി മലക്കം മറിഞ്ഞു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻറെ വിശദീകരണമെന്നും പറഞ്ഞ് മുരളീധരൻ തിരുത്തി. ഇതോടെ സർവ്വത്ര ആശയക്കുഴപ്പമായി. കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണ് പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കൾ അറിയിച്ചത്. തിരുവല്ലയിലെ പ്രഖ്യാപനത്തിന് മുമ്പ് സുരേന്ദ്രൻ സംസ്ഥാന നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.

പക്ഷെ പിന്നീട് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയെന്നാണ് സൂചന. എന്താണ് ഉണ്ടായതെന്ന് വിശദീകരിക്കേണ്ട ബാദ്ധ്യത ഇനി സംസ്ഥാന പ്രസിഡണ്ടിനാണ്. വിവാദങ്ങൾ ശ്രീധരനെയും അസ്വസ്ഥനാക്കുമെന്നുറപ്പാണ്. നേരത്തെ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന മെട്രോമാൻറെ പ്രസ്താവന ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ആദ്യം പ്രഖ്യാപിച്ചും പിന്നീട് തിരുത്തിയും നേതാക്കളുണ്ടാക്കിയ ആശയക്കുഴപ്പം.