പ്രളയത്തിൽ കണ്ണു തുറന്ന് റവന്യു വകുപ്പ്; ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കത്തെ ചെറുക്കും; കർശന വ്യവസ്ഥകളോടെ ചട്ട ഭേദഗതി പാടുള്ളുവെന്ന് റവന്യുമന്ത്രി  

ചട്ട ഭേദഗതി വഴി പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കത്തിന് തടയിട്ട് റവന്യു വകുപ്പ്. സംസ്ഥാനത്തെ വീണ്ടും ദുരന്തത്തിലേക്ക് തള്ളിയിട്ട ഉരുൾപൊട്ടലും മലയിടിച്ചിലും ചൂണ്ടിക്കാട്ടിയാണ്  റവന്യു വകുപ്പിന്റെ എതിർപ്പ്. 1964-ലെ ഭൂപതിവ് നിയമപ്രകാരം പതിച്ച് നൽകിയ ഭൂമിയിലും ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കം റവന്യു വകുപ്പിന്റെ നിലപാടോടെ അനിശ്ചിതത്വത്തിലായി.
ക്വാറികൾക്ക് അനുമതി നൽകാൻ ചട്ടം ഭേദഗതി ചെയ്യുകയാണെങ്കിൽ, കളക്ടർമാർക്ക് വിവേചനാധികാരം അടക്കമുള്ള കർശന വ്യവസ്ഥകൾ വേണമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ അറിയിച്ചു.
പതിച്ചു നൽകിയ ഭൂമി കൃഷിയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും ജിയോളജിസ്റ്റും അടങ്ങുന്ന സമിതി സാക്ഷ്യപ്പെടുത്തിയാൽ  ക്വാറി തുടങ്ങാൻ കളക്ടർ നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകണമെന്ന വ്യവസ്ഥ മാത്രം മതിയെന്നാണ് വ്യവസായ വകുപ്പിന്റെ ആവശ്യം. മാർച്ച് 5- ന് ചേർന്ന മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു. എന്നാൽ ഉത്തരവ് തയ്യാറായപ്പോഴാണ് ചട്ട ഭേദഗതി കൂടാതെ തീരുമാനം നടപ്പിലാകില്ലെന്ന് വ്യക്തമായത് .അതോടെയാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാൻ നീക്കം തുടങ്ങിയത്.
ചട്ട ഭേദഗതിക്ക് വേണ്ടിയുള്ള ഫയൽ നീക്കം തുടങ്ങിയപ്പോഴാണ് വീണ്ടും ദുരന്തം ഉണ്ടായത്. ഭേദഗതി നിർദ്ദേശത്തിലെ വ്യവസ്ഥകളോട് വിയോജിപ്പുള്ള റവന്യു വകുപ്പ് ഇതിനെ അവസരമാക്കി.  പാറ   പൊട്ടിക്കലും മണ്ണെടുപ്പുമാണ് പുത്തുമലയിലെയും കവളപ്പാറയിലെയും ഉരുൾപൊട്ടലിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന റവന്യു വകുപ്പ് ബദൽ നിർദ്ദേശങ്ങളും വെച്ചു. പാറഖനനം സമീപ സ്ഥലങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ, ജനജീവിതത്തിനും സമീപത്തെ താമസക്കാർക്കും ഭീഷണി ഉയർത്തുന്നുണ്ടൊ, പ്രദേശത്തെ ജലലഭ്യതയെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന വ്യവസ്ഥ ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തണം എന്നാണ് റവന്യുമന്ത്രിയുടെ നിർദേശം .
റവന്യു വകുപ്പിന്റെ ഈ നിർദ്ദേശങ്ങളോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ലെന്നാണ് സൂചന. എന്നാൽ ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ എതിർ നിലപാട് സ്വീകരിക്കാനാകുന്നില്ല. പരിസ്ഥിതി ചൂഷണം ദുരന്തകാരണമാകുന്ന സ്ഥിതിക്ക് കർശന ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. റവന്യു വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ അത് പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുകയും ചെയ്യും എന്നതിനാൽ കരുതലോടെ നീങ്ങിയാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ധാരണ.
വീണ്ടും പ്രകൃതിദുരന്തം വന്നതോടെ കൃഷിക്കായി പതിച്ച് നൽകിയ വനഭൂമിയിലും ക്വാറി തുടങ്ങാൻ അനുവദിക്കാനുള്ള വ്യവസായ വകുപ്പ് നീക്കവും പ്രതിസന്ധിയിലായി. ഭൂമി കൃഷി യോഗ്യമല്ലെങ്കിൽ ഖനനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം യു .ഡി. എഫ് കാലത്തെ നിലവിലുണ്ട്. റവന്യു വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മാറ്റി വെച്ചിരുന്ന ഫയൽ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് വീണ്ടും സജീവമായത്.