ലൗ ജിഹാദ് ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ; ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് ഡി.വൈ.എഫ്.ഐ

കേരളത്തിൽ ലൌ ജിഹാദ് സജീവമാണെന്ന ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇത് ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.

കേരളത്തില്‍ ലൌ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം.

എന്നാല്‍ ഇടയലേഖനത്തിനെതിരെ ഒരു കൂട്ടം വൈദികര്‍ രംഗത്തെത്തി.  എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. നേരത്തെ തന്നെ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത് എത്തിയിരുന്നു. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രം വിമർശിക്കുന്നു. ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍റെ  ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.