ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി; ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

Advertisement

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്‍റെ (29) കൈപ്പത്തിക്കാണ് ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പൊലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആല്‍ത്തറ ഇന്ദുഭവനില്‍ വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആല്‍ത്തറമൂട് വടക്കേവയലില്‍ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. വിഷ്ണുലാലും പ്രവര്‍ത്തകനായ വിശാഖും (23) ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ വടക്കേവയല്‍ സിന്ധുസദനത്തില്‍ രതിരാജന്‍റെ വീട്​ അക്രമിക്കാൻ ബൈക്കിലാണ്​ എത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

കല്ലെറിഞ്ഞ്​ വീടിന്‍റെ ജനൽചില്ലുകൾ തകർത്തു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിഷ്ണുലാലിനെ കൂടെയുണ്ടായിരുന്നവര്‍ കടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതര പരിക്കുള്ളതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍ കുമാര്‍, കടയ്ക്കല്‍ സി.ഐ ഗിരിലാല്‍, എസ്.ഐ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.