ഡി.വൈ.എഫ്.ഐയുടെ ജീവകാരുണ്യപരിപാടിയ്ക്ക് പൊതിച്ചോര്‍ നല്‍കി; പഞ്ചായത്ത് മെമ്പറെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

“ഡിവൈഎഫ്ഐയുടെ ഈ പരിപാടിയില്‍ സഹകരിക്കരുതെന്നും ചിലര്‍ അറിയിച്ചിരുന്നു. ഇത് കൂട്ടാക്കാതെയാണ് പരിപാടിയുമായി സഹകരിച്ചത്. കാരണം, ഇത് ജീവകാരുണ്യ പ്രവര്‍ത്തനമാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും അതിനോട് സഹകരിക്കുകയാണ് വേണ്ടത്. അത് മാത്രമാണ് ഞാന്‍ ചെയ്തത്”- രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊതിച്ചോര്‍ നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും നടപടി നേരിട്ട ബിന്ദുവിന്റെ വാക്കുകളാണിത്.

പൊതിച്ചോര്‍ നല്‍കിയ ബിജെപി പഞ്ചായത്ത് അംഗത്തെ പുറത്താക്കിയെന്ന് കാണിച്ച് സംഘ പരിവാറിന്റെ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. പുന്നപ്ര സൗത്ത് പഞ്ചായത്ത് 15 ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ബിജുവിനെയാണ് പുറത്താക്കിയത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനു ബിന്ദുവിനെ ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച് സംഘപരിവാര്‍ പുന്നപ്ര മണ്ഡലം കമ്മിറ്റി പ്രദേശങ്ങളില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പൊന്നും ബിജെപിയില്‍ നിന്നോ സംഘപരിവാറില്‍ നിന്നോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ബിന്ദു ബിജു പറഞ്ഞു.

Read more

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് ബിന്ദു ബിജുവും വീട്ടില്‍ നിന്നും പൊതിച്ചോര്‍ നല്‍കിയിരുന്നു. ഇതാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
കൂടാതെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പുന്നപ്ര മേഖലാ കമ്മിറ്റി വാര്‍ഡില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളിലും ബിന്ദു പങ്കെടുത്തിരുന്നു. ഇതും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു