വീണ്ടും മയക്കുമരുന്ന് വേട്ട; നോയിഡയിലും ഡൽഹിയിലും പിടികൂടിയത് 37 കിലോ മയക്കുമരുന്ന്

രാജ്യത്ത് വീണ്ടും വൻ മയക്ക് മരുന്നുവേട്ട. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിലായി 37 കിലോ മയക്ക് മയക്കുമരുന്ന് പിടികൂടി. എട്ട് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന്‌ 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ നടത്തിയ കർശന പരിശോധനയിലാണ് കൂടുതൽ മയക്ക് മരുന്ന് പിടികൂടിയത്.

അഫ്ഗാനിസ്ഥാൻ, ഉസ്ബകിസ്ഥാൻ പൗരന്മാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ന്യൂഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹ്മദാബാദ്, മാണ്ഡ്വി, ഗാന്ധിദാം, വിജയവാഡ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്ന് 21.2 കിലോഗ്രാം ഹെറോയിനും പിടികൂടുകയായിരുന്നു. പിടിയിലായവരിൽ 4 അഫ്ഗാൻ പൗരന്മാരും ഒരു ഉസ്ബകിസ്താൻ പൗരനും ഉൾപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നും രണ്ട്‌ കണ്ടെയ്‌നറിലായി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ്‌ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) പിടികൂടിയത്‌. ആദ്യ കണ്ടെയ്‌നറിൽ 1,999.58 കിലോയും രണ്ടാമത്തെ കണ്ടെയ്‌നറിൽ 988.64 കിലോയുമാണ് കണ്ടെത്തിയത്‌. ഗാന്ധിനഗറിൽനിന്നുള്ള ഫോറൻസിക്‌ വിദഗ്‌ധർ കണ്ടെയ്‌നറുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നാണെന്ന്‌ സ്ഥിരീകരിച്ചു.

അതേസമയം ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നടന്ന കോടികളുടെ മയക്കുമരുന്നു വേട്ടയെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ഷിപ്പ്‌മെന്റുകൾ പരിശോധിക്കാറില്ലെന്നും കുറിപ്പിൽ പറയുന്നു.

തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണ് തങ്ങൾ. വരുന്ന ഷിപ്പ്‌മെന്റുകൾ പരിശോധിക്കാറില്ല. മയക്കുമരുന്നു പിടിച്ച ഡിആർഐ, കസ്റ്റംസ് സംഘത്തെ തങ്ങൾ അഭിനന്ദിക്കുന്നുതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.