കിലുക്കത്തിലെ രേവതിയെ പോലെയാണ് സ്വപ്‌ന സുരേഷ്; സതീശന് മോഹന്‍ലാലിന്റെ അവസ്ഥയും, പരിഹസിച്ച് എം. സ്വരാജ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയ സ്വപ്‌ന സുരേഷിനെയും പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. കിലുക്കം സിനിമയിലെ രേവതിയുടെ കഥാപാത്രത്തെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്ന് സ്വരാജ് പറഞ്ഞു. അതിനൊക്കെ വക്കാലത്ത് പിടിക്കാന്‍ പോകുന്ന മോഹന്‍ ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് വി ഡി സതീശനെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ് കാതോര്‍ക്കുന്നത് ‘കള്ളക്കടത്തുകാരി’യായ സ്വപ്നയുടെ വാക്കുകള്‍ക്കാണ്. തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിര്‍ഭാഗ്യവാന്മാര്‍ എന്ന് യൂത്ത്‌കോണ്‍ഗ്രസുകാരെ കാലം വിലയിരുത്തും. നോക്കിനില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാമായിരുന്ന കോണ്‍ഗ്രസിനെ ഇന്ന് ഭൂതകണ്ണാടി ഉപയോഗിച്ച് നോക്കിയാലെ കാണാന്‍ കഴിയൂ.വസ്തുതാപരമായി ഒരു ആരോപണവും ഉന്നയിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം സ്വരാജ്.

അതേസമയം പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായിട്ടാണ് ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്‌ളിഫ് ഹൗസിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. യൂസഫലി അടക്കമുള്ള മറ്റുള്ളവരുടെ സാന്നിധ്യമില്ലാതെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ച് ബിസിനസ് ശരിയാക്കാനായിരുന്നു ഇതെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.