സ്ത്രീധനത്തിന്റെ പേരില്‍ വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം; മാസങ്ങളായി ഭക്ഷണം നല്‍കാതിരുന്നതും ക്രൂരപീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സ്ത്രീധനത്തിന്റെ പേരില്‍ ഓയൂരിലെ ഭര്‍തൃഗൃഹത്തില്‍ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലക്കുറ്റം ചുമത്തി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകള്‍ ചെങ്കുളം പറണ്ടോട്ടു ചരുവിളവീട്ടില്‍ തുഷാര (27) മരിച്ച കേസില്‍ പൂയപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ചന്തുലാല്‍ (30), ചന്തുലാലിന്റെ മാതാവ് ഗീതാ ലാല്‍ (55) എന്നിവര്‍ കൊട്ടാരക്കര കോടതിയില്‍ റിമാന്‍ഡിലാണ്.

ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. വീട്ടില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലും സംഘവും തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു തെളിവെടുപ്പ്.

മാസങ്ങളായി ഭക്ഷണം നല്‍കാതിരുന്നതും ക്രൂരപീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. സമീപവീടുകളില്‍ തുഷാരയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് തിരക്കിയപ്പോള്‍ ഇവര്‍ക്ക് പ്രദേശവാസികളുമായി ബന്ധമില്ലെന്ന വിവരമാണ് കമ്മീഷന് ലഭിച്ചത്.

കഴിഞ്ഞ മാസം 21ന് രാത്രിയിലായിരുന്നു തുഷാര മരിച്ചത്. അവശനിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും തുഷാര മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് വിവരം കൊല്ലം ഈസ്റ്റ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചന്തുലാലിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയക്കുകയും ചെയ്തു.

മരണത്തില്‍ തുഷാരയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ചന്തുലാലിനെയും ഗീതാ ലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത പുറത്തായത്. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് വ്യക്തമായത്. 2013 ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയിരുന്നു. കൊല്ലത്തെ അഞ്ചാലുമ്മൂട് കാഞ്ഞാവെളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടിലായിരുന്നു താമസം.

ഇവിടെ ദുര്‍മന്ത്രവാദം നടത്തിയിരുന്നതിനാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ചെങ്കുളം പറണ്ടോട്ടാണ് താമസിക്കുന്നത്. സ്വന്തമായി വാങ്ങിയ വസ്തുവില്‍ വീട് നിര്‍മ്മിച്ച് പുരയിടത്തിനുചുറ്റും ടിന്‍ഷീറ്റ് കൊണ്ട് മറച്ചിരുന്നു. ഇവിടെ അയല്‍വാസികള്‍ക്കും അപരിചിതര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു.

വീടിന് മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ദുര്‍മന്ത്രവാദവും പ്രശ്നംവെയ്പും നടത്തി വരികയായിരുന്നു പ്രതികള്‍. രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഇവിടെ വന്നു പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വീട്ടിനുള്ളില്‍ ചെല്ലാന്‍ ശ്രമിച്ചെങ്കിലും പുരയിടത്തില്‍ പോലും കടക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു വര്‍ഷമായി ഇവിടെ താമസിച്ചു വന്നിരുന്ന തുഷാരയേയോ മറ്റംഗങ്ങളേയോ പരിസരവാസികള്‍ കണ്ടിരുന്നില്ല. വീട്ടില്‍നിന്നും സ്ത്രീയുടെ നിലവിളിയും ഞരക്കങ്ങളും കൂടെക്കൂടെ കേള്‍ക്കാറുണ്ടായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു.

വിവാഹശേഷം സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ തുഷാരയെ അനുവദിച്ചിരുന്നില്ല. ആറുവര്‍ഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടില്‍ പോയത്. തുഷാരയെ കാണാനായി ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നു മാത്രമല്ല ഇവര്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ ബന്ധുക്കള്‍ ഇവിടെ വരാറില്ലായിരുന്നു. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരേണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ പിന്നീട് അറിയിക്കുകയായിരുന്നു.

മകളെ മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് തുഷാരയുടെ ഭര്‍ത്താവിനും മാതാവിനുമെതിരെ നേരത്തേ പരാതി നല്‍കാതിരുന്നതെന്ന് മാതാവ് വിജയലക്ഷ്മി പറഞ്ഞു. സ്ത്രീധനത്തിന്റെ ബാക്കി നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ചന്തുലാലും ഗീതാലാലും പലപ്പോഴും മര്‍ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നിഷേധിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. തുഷാരയുടെ മക്കളായ ഝാന്‍സി (നാല്), ജിന്‍സി(രണ്ട്) എന്നിവരുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.