ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല, പിന്നിലുള്ളവരെയും കണ്ടെത്തണം: എം.വി ഗോവിന്ദന്‍

എകെജി സെന്റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞു. എകെജി സെന്റര്‍ ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രചാരമാണ് കോണ്‍ഗ്രസുകാര്‍ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന്റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കേസില്‍ ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജിതിന്‍ ധരിച്ച ടീ ഷര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ട് ജിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുമുണ്ട്. സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്ത് എത്തി. ഇവിടെനിന്ന് ജിതിന്‍ കാറില്‍ കയറി പോയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ജിതിന്‍ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞെന്നും ക്രൈംബ്രാഞ്ച് പറയുന്നു.