തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുത്: ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂർ

 

 

രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുത്. പറഞ്ഞ കാര്യങ്ങളിൽ രമേശ് ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നു എന്നും തിരുവഞ്ചൂർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണ് അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. മിണ്ടാതിരിക്കുന്നത് നാക്കില്ലാത്ത കൊണ്ടും വാക്കില്ലാത്തതുകൊണ്ടും അല്ല പ്രതികരണത്തിന് പരിധിയുണ്ട്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഔദ്യോഗിക എ ഗ്രൂപ്പിൽ നിന്നും ഏറെ നാളായി അകന്നു നിൽക്കുകയാണ് തിരുവഞ്ചൂർ. കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവർക്ക് അനുകൂലമായ പ്രതികരണങ്ങളാണ് സമീപകാലത്ത് തിരുവഞ്ചൂർ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ പുതിയ നേത്രത്വം സ്ഥാനം ഏറ്റെടുക്കുന്ന അവസരത്തിൽ അഭിന്ദനത്തിന് പകരം രമേശ് ചെന്നിത്തല നടത്തിയ പരാമർശങ്ങൾ ശരിയല്ല എന്ന നിലപാടാണ് തിരുവഞ്ചൂരിന് ഉള്ളത്.