സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരും ടീച്ചർമാരും ഉണ്ടാകും സങ്കടപ്പെടേണ്ട: കൊച്ചു വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി

തുടര്‍ച്ചയായി ക്ലാസ് ആണെന്നും എല്ലാ ദിവസവും ഉള്ള ഈ പഠനം തനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞ് കരയുന്ന കൊച്ചുകുട്ടിയെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ ക്ലാസ്സിലെ പഠനഭാരത്താൽ ‘ഇനി എനിക്ക് പറ്റൂല്ല അമ്മ ഒരിക്കലും പറ്റൂല്ല’ എന്ന് പറഞ്ഞു വിതുമ്പുന്ന കൊച്ചു വിദ്യാർത്ഥിനിയുടെ വീഡിയോയാണ് വി ശിവൻകുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചത്. “സ്കൂൾ തുറക്കുമ്പോൾ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചർമാരും ഉണ്ടാകും കേട്ടോ സങ്കടപ്പെടേണ്ട കുഞ്ഞോമന…” എന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കുട്ടിയെ ആശ്വസിപ്പിച്ചു.


സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചു. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

കുട്ടികളുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കും. എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകൾക്ക്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഓൺലൈൻ ക്ലാസുകളും സമാന്തരമായി നടക്കും. രണ്ട് ദിവസത്തിനകം ആരോഗ്യ- പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സ്കൂളുകൾ തുറക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്നത്‌ ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണെന്നും വകുപ്പുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.