60 മില്ലി ​ബ്രാണ്ടി, ടച്ചിംഗ്സിന് നിലക്കടല; ഡോക്ടറുടെ കുറിപ്പടി വൈറലായി, പിന്നാലെ എക്സൈസ്

മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകുന്ന കാര്യം പരി​ഗണനയിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പടി എഴുതിയ ഡോക്ടർ കുടുങ്ങി.

താമശയ്ക്കായി മദ്യത്തിന് കുറിപ്പടിയെഴുതി നൽകിയത് സോഷ്യൽ മീഡിയിയിൽ വൈറലായതോടെ കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പോലീസിനോട് നിര്‍ദ്ദേശിച്ചു. തമാശയ്ക്ക് കുറിപ്പടിയെഴുതി അത് വാട്‌സാപ്പില്‍ പോസ്‌ററ് ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണത്തിന് 60 മില്ലി ബ്രാണ്ടി, സോഡ, ടച്ചിംഗ് സിന് നിലക്കടലയും എന്നായിരുന്നു ആയുര്‍വേദ ഡോക്ടറായ രഞ്ജിത്ത് കുറിപ്പടിയെഴുതിയത്. 48കാരനായ പുരുഷോത്തമന്‍ എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി. ഈ കുറിപ്പടി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

ഇതോടെ സംഭവത്തെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനിടെയാണ് തമാശയ്ക്ക് ചെയ്തതാണെന്ന വിശദീകരണം ഡോക്ടര്‍ നല്‍കിയത്.