വഞ്ചിയൂര്‍ കോടതിയിലെ തര്‍ക്കം പരിഹരിച്ചെന്ന് ബാര്‍ കൗണ്‍സില്‍; ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും വിഷയത്തില്‍ ജില്ലാ ജഡ്ജിയുമായി ചര്‍ച്ച നടത്തിയതായും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍ പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കോടതിയിലെത്തി ഇരുകൂട്ടരുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ ഉണ്ടായ പ്രശ്നത്തില്‍ കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികളും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രശ്‌നപരിഹാരത്തിന് വേണ്ടി ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്ന് വഞ്ചിയൂരിലെത്തി അഭിഭാഷകരെ കണ്ടത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മജിസ്ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെ ഒരു സംഘം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി പിന്നീട് സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ വിഷയത്തില്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തു. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍ അടക്കമുള്ള അഭിഭാഷകര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.