സ്മൃതി ഇറാനിയും നിര്‍മ്മല സീതാരാമനും നേരിട്ട് ശ്രമം തുടങ്ങി, കെ വി തോമസിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം; തടയിടാന്‍ കോണ്‍ഗ്രസും

കെ വി തോമസിനെ ബിജെപിയിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര മന്ത്രി സമൃതി ഇറാനിയും നിര്‍മ്മല സീതാരാമനും ശ്രമിക്കുന്നു. ഇതിനായി ഇരുനേതാക്കളും കെ വി തോമസിനെ ഫോണില്‍ വിളിച്ചിരുന്നു. എറണാകുളം മണ്ഡലത്തില്‍ തന്നെ കെ വി തോമസിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നിലവില്‍ ബിഡിജെഎസിന് നല്‍കിയിരുന്ന സീറ്റ് ഇതിനായി ഏറ്റെടുക്കുന്നതായി സംസ്ഥാന ബിജെപിയിലും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണതോടെ സിറ്റിംഗ് എംപി കെ വി തോമസ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. പ്രായമായത് തന്റെ കുറ്റമല്ല. തനിക്ക് സീറ്റ് നല്‍കാത്ത വിധത്തില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചത്. ഇതോടെ അനുനയ നീക്കത്തിന് എ ഐസിസി ശ്രമം തുടങ്ങിയത് അറിഞ്ഞതോടെയാണ് എറണാകുളത്ത് ബിജെപി ടിക്കറ്റില് മത്സരിക്കാമെന്ന വാഗ്ദാനം കെ വി തോമസിനെ തേടിയെത്തിയത്.

ഇന്നലെ രാത്രിയില്‍ കെ വി തോമസിനെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫോണില്‍ വിളിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി കെ വി തോമസുമായി അനുനയ ചര്‍ച്ച നടത്തുകയാണ്. അഹമ്മദ് പട്ടേല്‍ ഇന്ന് തന്നെ കെ വി തോമസിനെ നേരില്‍ കണ്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്ക്  വഴിയൊരുക്കുമെന്നാണ് വിവരം.