നടിയെ ആക്രമിച്ച കേസ്: ഹര്‍ജി തീര്‍പ്പാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റിയത്

സുപ്രീം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും വേണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് പൊലീസ് നിലപാട്.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദീലീപിന്റെ ഹര്‍ജി തള്ളിയത്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.