കുറ്റപത്രം ചോർച്ച; ദിലീപിന്റെ ഹർജിയിൽ വിധി 17 ന്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം ചോർന്നെന്ന നടൻ ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് 17 ലേക്കു മാറ്റി. ഇരു വിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു.

കുറ്റപത്രം ചോർന്നതു സംബന്ധിച്ചു പൊലീസിൽനിന്നു വിശദീകരണം തേടണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതിൽ പൊലീസിനു പങ്കില്ലെന്നും ഫോൺരേഖകൾ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്.

അതേസമയം, കുറ്റപത്രം ചോർന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കാവ്യാ മാധവൻ, ഗായിക റിമി ടോമി, മഞ്ജു വാരിയർ, സംയുക്താ വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരുടെ മൊഴികളാണ് വിതരണം ചെയ്യുന്നതിന് മുന്നേ മാധ്യമങ്ങൾക്ക് ലഭിച്ചത്. പോലീസിലുള്ളവർ തന്നെയാണ് അതീവ രഹസ്യമായുള്ള കുറ്റപത്രം ചോർത്തിയതെന്നും ദിലീപ് ഹർജിയിൽ പറയുന്നു.