പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല, മറിച്ചുള്ള വാർത്തകൾ കളവ്: ഫാത്തിമ തെഹ്ലിയ

 

മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നും ഫാത്തിമ തെഹ്ലിയ.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. കോഴിക്കേട്ടെ മുന്‍ എംഎല്‍എയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്‌ഐ നേതാക്കളും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മിറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്.

ഫാത്തിമ തെഹ്ലിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.